Wednesday, April 25, 2007

ഇക്കിളി.


സ്വതവേ ഇക്കിളിക്കാരിയാ അവള്‍. ആരു തൊടുമ്പോഴും ഇക്കിളിയുടെ അസഹനീയമായ അലകളില്‍ പൊട്ടിച്ചിതറുന്നവള്‍.

ഉമ്മയുമായി ഈ കാര്യത്തില്‍ ഇടക്കിടെ ഒരു അടിയും കിട്ടും - തലയില്‍ എണ്ണ തേച്ചുകൊടുക്കുമ്പഴും, മാലയുടെ കണ്ണി കടിച്ചുറപ്പിക്കുമ്പോഴും, പാവാടക്ക് അരവണ്ണം അളക്കുമ്പോഴും, അവളുടെ ഇളയവള്‍ ഉറക്കത്ത് കെട്ടിപ്പിടിക്കുമ്പോഴും അവളുടെ ഒടുക്കത്തെ ഇക്കിളി കാരണം ഉമ്മക്ക് “പിരാന്ത്” പിടിക്കും. അവള്‍ക്കും തോന്നാറുണ്ട് കുറച്ച് അധികമായി പോയെന്ന്... അവളെ കീഴടക്കാന്‍ ഒരു ആയുധമായി ഈ ഇക്കിളിയെ അവളുടെ കൂട്ടുകാരികളും, കൂടപ്പിറപ്പുകളും ഉപയോഗിച്ചു. ചെരുപ്പ് വാങ്ങാനോ, വള വാങ്ങാനോ പോകുമ്പോള്‍ അവളുടെ ഇക്കിളി കടക്കാരെ ഭയപ്പെടുത്തി.

അവള്‍ രഹസ്യമായി പൈങ്കിളി വാരികകളിലെ ഡോക്ടറോട് ഇക്കിളി കുറക്കാനുള്ള വീട്ടുവൈദ്യസൂത്രങ്ങള്‍ക്കും ഒറ്റമൂലികള്‍ക്കും എഴുതി. ആരും ഒന്നും മിണ്ടീല. ഇക്കിളി കുറഞ്ഞുമില്ല.


സ്വതവേ ഇക്കിളികാരിയായ അവളെ രാത്രിയുടെ കനത്ത മൂടുപടത്തിനടിയില്‍ വച്ച്, മഴയുടെ ചൂടുനിശ്വാസത്തില്‍ അവന്‍ തൊട്ടു. ഇക്കിളി കൊണ്ട് പൊട്ടിച്ചിതറാന്‍ തയ്യാറെടുത്ത് നിന്ന അവള്‍ അത്ഭുതത്തോടെ അവനെ ഇടങ്കണ്ണിട്ട് നോക്കി... ഇക്കിളിയില്ല. തന്റെ മാറിലും, അരയിടുപ്പിലും, കഴുത്തിലും ഇക്കിളിക്കു പകരം പുതിയൊരു അനുഭൂതി പൊട്ടിച്ചിതറുന്നു!!! ഇതെങ്ങനെ എന്നു അത്ഭുതം കൂറുമ്പോള്‍ പണ്ട് പണ്ട് സയന്‍സ് ക്ലാസില്‍ കൊണ്ടമേരി ടീച്ചര്‍ പറഞ്ഞത് അവള്‍ ഓര്‍ത്തു “സ്വന്തം ശരീരത്തെ ഇക്കിളിപ്പെടുത്താന്‍ സാധ്യമല്ല. അബോധമനസ്സില്‍ ശരീരം അതു ഗ്രഹിച്ചെടുക്കുന്നു...”

സ്വതവേ ഇക്കിളിക്കാരിയായ അവള്‍ അങ്ങനെ സ്വന്തം ശരീരത്തോട് ഒട്ടിക്കിടന്നു.

10 comments:

Sileep Kumar M S said...

മനോഹരം..!!

reshma said...

ഓടോ:
കൊണ്ടമേരി, ‘യെംബ്രിയോ’ വരയ്ക്കാന്‍ ‘ഹൊമ്മക്’ തരുന്ന ആ മിസ്? :)

Pramod.KM said...

നല്ല ഒന്നാം നമ്പറ് കഥ!!

രാജ് said...

നല്ല കഥ.

Anonymous said...

വലിയ കുഴപ്പമില്ല. എന്തായാലും വ്യത്യസ്തം.

Anonymous said...

Good !!!

deepdowne said...

ഏറ്റവും ആദ്യത്തെ പോസ്റ്റ്‌('പുളിപ്പ്‌') കള്ളം, പച്ചക്കള്ളം!

Anonymous said...

oru khalil gibran touch..................

ഉറുമ്പ്‌ /ANT said...

വളരെ നന്നായി.

അനോനിയോട്, ഖലില്‍ ജിബ്രാന്‍ ടച്ച് എന്നൊക്കെ പറയുന്നതു കൊള്ളാം പക്ഷേ, അതു പലപ്പോഴും എഴുത്തു തുടങുന്ന ബ്ലോഗറുടെ സര്‍ഗശേഷിക്കുമേല്‍ തറക്കുന്ന ആണിയായി മാറരുത്. വല്ലതും നന്നായി എഴുതുന്ന ആളെ, അയാള്‍ എഴുതുന്നതെല്ലാം ഹോ അപാരം, മഹത്തരം എന്നൊക്കെ പറയുമ്പോള്‍ എഴുത്തുകാരന്‍ അയാളുടെ പരിമിതികള്‍ മറന്നുപോവുന്നതായും, അതയാളുടെ ഭാവി രചനകളെ പ്രതികൂലമായി ബാധിക്കുന്നതും കണ്ടിട്ടുണ്ട്‌. വ്യക്തിഹത്യയായി കണക്കാക്കപ്പെടുമോ എന്ന ശങ്കയില്‍ ഉദാഹരണങള്‍ക്കു മുതിരുന്നില്ല.

Anonymous said...

ഇതു കലക്കി!
:)