Thursday, May 24, 2007

വെറുപ്പും വിദ്വേഷവും
കുശുമ്പും കുന്നായ്മയും
അസൂയയും അഹങ്കാരവും
പാഠ്യപദ്ധതിയാ‍യ ലോകത്ത്
ഞാന്‍ പ്രണയിക്കാന്‍ പഠിച്ചു!!!

ഒരു പിടി മാംസം എന്ന്
എന്നെ ശാസ്ത്രം പഠിപ്പിച്ച
എന്റെ ഹ്യദയം പ്രണയിച്ചു.
ചോരയും നീരൂമല്ല...
കണ്ണും കരളുമല്ല...
സ്വപ്നങ്ങളും മഴയും.

പരീക്ഷയില്‍ ഞാന്‍ തോറ്റു.
നന്നായി പോയി!

Wednesday, May 9, 2007

തസ്തിക ഒഴിവ്...

മാലാഖമാരുടെ തസ്തിക ഒഴിഞ്ഞു കിടന്നു...ദേവലോകത്ത് ആകെ കണ്‍ഫ്യൂഷന്‍. കുറച്ച് കാലമായിട്ട് ആര്‍ക്കും മാലാഖപ്പണിയോട് വലിയ മതിപ്പില്ല. പണ്ടത്തെ പോലെ ദൈവപുത്രനു കാവല്‍ പോകാനും, സുവാര്‍ത്തകള്‍ മനുഷ്യജന്മങ്ങളിലേക്ക് എത്തിക്കാനും, സ്വപ്നങ്ങളില്‍ പൂക്കളുടെയും സുതാര്യതയുടെയും പരിശുദ്ധിയുടേയും വെള്ളവസ്ത്രമണിഞ്ഞ് സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെടലുമൊക്കെ ഇന്നെവിടെ നടക്കാനാ? ഇന്നങ്ങനെ വല്ലതും നടന്നാല്‍ ദൈവപുത്രനെ എടുത്ത് ഓടില്ലെ മനശ്ശാസ്ത്രജ്ഞന്റെ അടുത്തേക്ക്? ഇപ്പോള്‍ ഉള്ള മാലാഖമാര്‍ക്കധികവും പണി മോഡലിങ്ങാ ക്രിസ്തുമസ് കാര്‍ഡിലും, കലണ്ടറിലും, ബാലരമയിലും... ആരാവാനാ മാലാഖ?!!! അല്ല അവരെ പറഞ്ഞിട്ടും കാര്യമില്ല.
എന്നാലും ദേവലോകത്ത് മാ‍ലാഖമാരില്ലാതെയും പറ്റില്ലാലോ? പരസ്യത്തിലൊക്കെ പറഞ്ഞിരിക്കുന്ന പോലെ സ്വര്‍ഗ്ഗത്തില്‍ വീണ മീട്ടാനും, പാനീയം പകര്‍ന്നു കൊടുക്കാനും, വെണ്‍ചാമരം വീശാനും മാലാഖമാരില്ലെങ്കില്‍ സ്വര്‍ഗ്ഗത്തിന്റെ മാര്‍ക്കറ്റ് റേറ്റ് ആകെ ഇടിയും.
ദൈവവും പ്രായമായ മാലാഖമാരും ആകെ ചിന്താക്കുഴപ്പത്തിലായി... ഇപ്പോള്‍ പഴയ പോലെ മരണമൊക്കെ കുറവായത് കൊണ്ട് പ്രായന്മായി മരിക്കുന്നവരെയാ മാലാഖയായി നിയമിക്കുക പതിവ്. അടിയന്തരാവസ്ഥ കണക്കിലെടുത്ത് ഒരു അടിയന്തര മീറ്റിംഗ് വിളിച്ചു കൂട്ടി. ദിവസങ്ങളോളം നീണ്ടു നിന്ന മീറ്റിംഗ്.
അവസാനം തീരുമാനം പ്രഖ്യാപിച്ചു- ഒരു മാസ് റിക്രൂട്ട്മെന്റ് ഇല്ലാതെ പറ്റില്ല. ബ്ലൂ പ്രിന്റ് തയ്യാറായി, ആക്ഷന്‍ പ്ലാന്‍ റെഡിയായി, ഒരു കൊല്ലത്തിനുള്ളില്‍ മാലാഖ പോസ്റ്റ് ഒക്കെ നിറഞ്ഞിരിക്കണം...റിക്രൂട്ട്മെന്റ് ഓഫീസേഴ്സ് നാലുപാടും ഓടി. നരകത്തിലെ ഉദ്യോഗസ്ഥരുടെ സഹായവും തേടി.

ഒരു വര്‍ഷത്തിനുള്ളില്‍ ടാര്‍ജറ്റ് കമ്പ്ലീറ്റ്!!! ഫയല്‍ ദൈവത്തിനു മുമ്പില്‍ ഹാജരാക്കി.

തട്ടേക്കാട് ബോട്ട് മുക്കിയ വകയില്‍ - 18 മാലാഖകള്‍

അവിട്ടം തിരുനാള്‍ ഹോസ്പിറ്റല്‍ അണുബാധ വകയില്‍ - 40 മാലാഖകള്‍

നോയിഡ മോഹീന്ദര്‍ സിങ്/ സുരേന്ദര്‍ വകയില്‍ - 40 മാലാഖകള്‍

മാതാപിതാക്കള്‍ കൊന്നത് വകയില്‍ - 78 മാലാഖകള്‍

പട്ടിണി മരണം വകയില്‍ - 1300 മാലാഖകള്‍

മറ്റു വകയില്‍ - 1000 മാലാഖകള്‍

ആകെ എണ്ണം = 2476 മാലാഖകള്‍

ഒപ്പ്. ചീഫ് ഓഫീസര്‍.

Monday, May 7, 2007

റിപ്പോര്‍ട്ട്.

അണുബാധയേറ്റ കോശങ്ങളും,
പാല്‍ ചുരത്തുന്ന മുലകളും
എനിക്കയച്ചു തരൂ...
ഒഴിഞ്ഞ വിഷക്കുപ്പികളും,
കരിഞ്ഞ പാടങ്ങളും ജപ്തിക്കടലാസും.
എന്റെ വിലാസത്തില്‍ മാറ്റമില്ല.
പൊട്ടിത്തെറിച്ച സ്റ്റൌവും,
കത്തിക്കരിഞ്ഞ പുടവയും
ഓടയിലെ കുഞ്ഞുങ്ങളും,
സര്‍ക്കാരിന്റെ സഹായവാഗ്ദാനങ്ങളും.
കീറിയെറിഞ്ഞ ഗര്‍ഭപാത്രങ്ങളും,
മതത്തിന്റെ താണ്ഡവാഗ്നിയും.

ദൈവത്തിനു അയക്കാനൊരു റിപ്പോര്‍ട്ട് .
അവന്റെ മക്കളുടെ കഥ.
വരണ്ട ചുണ്ടുകള്‍ ഒപ്പിട്ട്,
കണ്ണീരില്‍ കുതിര്‍ത്ത് ഒട്ടിച്ചത്.
ഞാന്‍ അയക്കാം അവനിലേക്ക്
എന്റെ ആകെ പേടി...അവന്‍ നിരക്ഷരനാണോ??

Saturday, May 5, 2007

ഞാനല്ല...മരമാണ്.

ഒരു പൂവിറുത്ത് അവര്‍ പറഞ്ഞു,
വളരൂ...
ഒരു ചില്ലയൊടിച്ച് അവര്‍ പറഞ്ഞു,
വളരൂ...
വേരുകളറുത്ത് മാറ്റി അവര്‍ പറഞ്ഞു,
വളരൂ...
വെള്ളമെല്ലാം വറ്റിച്ച് അവര്‍ പറഞ്ഞു,
വളരൂ...
അത്ഭുതം!!
അത് വളര്‍ന്നു.

Wednesday, May 2, 2007

ലോകമേ.. തറവാടേ..

ഇനിയും ഞാനെഴുതും.
എന്റെ കെട്ടിക്കിടക്കുന്ന രക്തത്തെ കുറിച്ചും
പ്രേമത്തെ കുറിച്ചും.
ഇനി ഞാന്‍ കാണിക്കും പര്‍ദ്ദയിട്ടു ഞാന്‍ മൂടിയ
എന്റെ ശരീരവും മനസ്സും.
ഇനി ഞാന്‍ പാടും,കവിതകളും കഥകളും
എന്റെ മൂളിപ്പാട്ടുകളും.
ഇനി എന്നെ തടയില്ല പിറക്കുന്ന ഒരു ലോകവും.
ഇനി ഞാന്‍.
ഞാന്‍ മാ‍ത്രം വാക്കുകളായി, മഴയായി പെയ്യും.
ഇനി ലോകമേ...തറവാടേ, നീ നനഞ്ഞാലും.
ഞാനെന്നേ നിന്റെ മുന്‍പില്‍
കുതിര്‍ന്നു നഗ്നയായി നിന്നൂ.