Friday, September 10, 2010

അനല്‍ ഹഖ്

നീയാകുന്നു ആദിവചനവും അതിന്റെ മുഴങ്ങുന്ന തര്‍ജ്ജമയും 
എന്നിലെ പ്രകമ്പനമായുള്ള ആമീനും ഓംകാരവും 
തൌറാത്തും വേദവും ഖുര്‍ആനും അവയ്ക്ക് പറയാനുള്ളതും
മൂസയുടെ ഫലകവും ഈസായുടെ കുരിശും എന്നിലൊളിച്ചു

നിന്നിലെ  തീര്‍ത്ഥാടകന് മുങ്ങി നിവരാനുള്ള തെളിനീര്‍
എന്റെ ഉള്ളിന്റെ ഉള്ളിലെ ഉറവില്‍ നിന്നും ഞാന്‍ ഒഴുക്കാം.
നിന്റെ വിഗ്രഹങ്ങള്‍ക്കുള്ള അള്‍ത്താര ഒരുക്കാന്‍
എന്റെ നെഞ്ചും എന്റെ ഉദരവും ഞാന്‍ വെള്ളയില്‍ പൊതിയാം


ചരിത്രം എന്റെ നഗ്നതയില്‍ പൂത്തുലഞ്ഞു നമിച്ചു നിന്നു
കണ്ണാടിയില്‍ ആകാശവും ഭൂമിയും വന്നു മൂടി 
നനവു ചിക്കി ഉണക്കുന്ന കറുത്ത ആകാശത്തിനു കീഴെ
ആറടി ഉഴുതു മറിച്ച ഭൂമി വിളഞ്ഞു തുടുത്തിരുന്നു...


Friday, February 5, 2010

നാഗപ്പാട്ട്

കാവിലേക്കുള്ള പാത എന്റേതല്ല,
അനുവാദം തരേണ്ടതും ഞാനല്ല.
കുഴയുന്ന നാവിനു രഹസ്യങ്ങളില്ല,
ഉന്മാദത്തിന്റെ ആലസ്യമേയുള്ളൂ.

ഞാനഴിച്ചു കുടഞ്ഞ ചേലയില്‍ നിന്നും
ഒരു കോടി ഇലകള്‍ വഴി മറച്ചു
എന്റെ അഴിഞ്ഞുലഞ്ഞ മുടികെട്ടില്‍ നിന്നും
സൂര്യന്‍ തുളുമ്പി വീണു.

ചുഴലുന്ന നിറക്കൂട്ടില്‍ കാലിടറിക്കൊണ്ട്
കാറ്റിന്റെ കൈകളില്‍ കാലമര്‍ത്തി
നാഗങ്ങളുടെ ആത്മാവായി ആടിവീഴുമ്പോള്‍
ചിത്രകൂടം നെഞ്ചില്‍ നിന്നൂര്‍ന്നു വീണു.

ഉറഞ്ഞു തുള്ളി ചോര തീണ്ടി ഞാനുണര്‍ന്നു
അടങ്ങാത്ത കലിയില്‍ തുള്ളുമ്പോള്‍
ഒരു നായയും വഴിമുടക്കില്ല... നാഗവും.
ഞാന്‍ കൊത്താറേയുള്ളൂ, വിഷമിറക്കാറില്ല!

Wednesday, February 3, 2010

ചൂട്

കുരുമുളകു വള്ളിപോലെ ഇഴഞ്ഞു കയറാനേ അറിയൂ
കാന്താരി കൊണ്ട് കണ്ണെഴുതിയേ മോഹിപ്പിക്കൂ
വെണ്ണീറിന്റെ ദൃഷ്ടിയുമായി നോക്കിയപ്പോള്‍
തിണര്‍ത്തു പൊള്ളിയടങ്ങിയത് കാമഭാവം.

ചുടുച്ചോരയും നാഭിയിലെ സൂര്യനും, എന്റേത്
കരിഞ്ഞ മാംസച്ചുവയുള്ള ചുംബനവും, എന്റേത്.
ചുവന്ന വിരിപ്പില്‍ പറ്റിപ്പടര്‍ന്ന കറകള്‍, എന്റേത്
നീ ഞെരുങ്ങി തളര്‍ന്ന ഉഷ്ണവും, എന്റേത്.

പിരിമുളകിന്റെ ചൂടുള്ള നട്ടെല്ലാണെനിക്ക്
എരിഞ്ഞു പുളഞ്ഞു വളയാനറിയുന്നത്
മജ്ജയും മാംസവും കത്തിപുകയുന്ന എന്നില്‍ നിന്നും
വാക്കുകള്‍ നെഞ്ചു വാട്ടിയെ വരൂ...