Saturday, October 20, 2007

കള്ളന്‍.

ആദ്യമായി അമ്മിഞ്ഞ
കട്ടു നുകര്‍ന്നപ്പോള്‍
കണ്ണില്‍ സ്നേഹം കവിഞ്ഞ്
അമ്മ വിളിച്ചൂ, “കള്ള ക്രിഷ്ണാ..”

കടലാസുപെന്‍സില്‍ പിടിച്ച്
കൈവിരല്‍ കുഴഞ്ഞപ്പോള്‍
ചെവിയില്‍ നുള്ളി പറിച്ച്
മാഷ് വിളിച്ചൂ, “കള്ള ബലാലേ"

എണ്ണ കാറി മണക്കുന്ന
മുടി മാടി ഒതുക്കിയപ്പോള്‍
വിരലുകള്‍ ഒടിച്ചു
കാമുകി വിളിച്ചൂ, “കൊച്ചു കള്ളാ..”

ഓര്‍മ്മകള്‍ തുളുമ്പിയ
ഓരോ ഏടും നോക്കിയപ്പോള്‍...
ഞാന്‍ കള്ളനായതോ
എന്നെ ആക്കിയതോ?

Tuesday, October 2, 2007

വേനല്‍

ആദ്യത്തെ സൂര്യകിരണത്തിന്റെ
പൊള്ളുന്ന ചൂടില്‍ കിടന്നു ഞാന്‍
മണ്ണിന്റെ മണമുള്ള ശംഖുകള്‍
മാല കോര്‍ത്തു അരയിലണിഞ്ഞു.

വിരിയുന്ന താമരയുടെ ഈണം,
തുള്ളുന്ന എന്റെ നെഞ്ചില്‍ നീയും,
സൂര്യനും ചന്ദ്രനും നക്ഷത്രവും മണ്ണും,
കാമാര്‍ത്തരായി വന്നലയ്ക്കുന്നു.

നനഞ്ഞു നനഞ്ഞു ഞാനലിഞ്ഞു.

നഗ്നയായ ഒരു തുണ്ട് ഭൂമി ഞാന്‍,
ഇന്ദ്രനേ, നീ തിമര്‍ത്തു പെയ്യൂ,
നിന്നില്‍ എനിക്ക് നനയണം,
മണ്ണില്‍ പൂണ്ടു കുഴയണം.

മേഘങ്ങളെന്നെ പൊതിയുന്നു,
എന്റെ ചൂടില്‍ അലിഞ്ഞു വീണ്ടും പെയ്യുന്നു.
നനഞ്ഞ ഇലകളും കൊഴിഞ്ഞ പൂക്കളും,
എന്റെ നഗ്നത മറയ്ക്കുന്നു.

എനിക്ക് വീണ്ടും നാണിക്കണം.

Sunday, September 23, 2007

തന്നാല്‍...

മഞ്ഞണിഞ്ഞ ഒരു പൂവ്...
ചിമ്മാത്ത ഒരു നക്ഷത്രം...
വെറുക്കാത്ത ഒരു വാക്ക്...
കയ്ക്കാത്ത ഒരു പാല്‍ത്തുള്ളി...
മുറിയാത്ത ഒരു ഞരമ്പ്...
വീഴാത്ത ഒരു കണ്ണീര്‍...
വിശക്കാത്ത ഒരു വയര്‍...
മായാത്ത ഒരു പുഞ്ചിരി...
കാണാത്ത ഒരു സ്വപ്നം...

ഞാനൊരു കുഞ്ഞിനെ തരാം.

Wednesday, September 5, 2007

എന്റെ മഹാകാവ്യം..

പട്ടിണി കിടന്ന്
നെഞ്ചെരിഞ്ഞപ്പോള്‍
ചുണ്ടുകള്‍ അകറ്റി
അവള്‍ വിതുമ്പി.
ആരും വന്നില്ല.
ഭക്ഷണവും.

പട്ടിണി കിടന്ന്
കണ്ണില്‍ ഇരുട്ടേറിയപ്പോള്‍
കാലുകള്‍ അകറ്റി
അവള്‍ ചിരിച്ചു.
ആരൊക്കെയോ വന്നു.
ഭക്ഷണവും.

Wednesday, July 25, 2007

വരാം.

എന്നിലേക്ക് നീ വരിക.
തീണ്ടാത്ത ഇരുട്ടും
തീരാത്ത വാക്കും നിറയുന്ന എന്നിലേക്ക്.
എന്നിലേക്ക് നീ വരിക,
നഷ്ട്ടപ്പെട്ട് വളപ്പൊട്ടും,
പുളിപ്പുള്ള മാങ്ങയും ഒളിപ്പിച്ച എന്നിലേക്ക്.
എന്നിലേക്ക് നീ വരിക
പ്രണയിച്ച കണ്ണുള്ളവനെ,
ഞാന്‍ നിന്റെ ആത്മാവിന്റെ ജന്മനാടല്ലേ?
നിന്നിലേക്ക് ഞാനും വരാം,
കിലുങ്ങുന്ന കുപ്പിവളയും,
കോതി വെച്ച മുടിച്ചുരുളും മുല്ലയും കൊണ്ട്.

മഴയുടെ അവിഹിതബന്ധം.

ഇന്നലെ പെയ്ത മഴയും
എന്റെ ജാലകവിരിയും പ്രണയിച്ചു.
ശുഭ്രവസ്ത്രത്തില്‍ നനഞ്ഞു
കാമുകിയായി അവള്‍ നിന്നു.
കാറ്റു വന്നു പുണര്‍ന്നു,
അവള്‍ ഗര്‍ഭിണിയായി.
അവള്‍ പെറ്റ കുഞ്ഞിനു
മണ്ണിന്റെ മണമായിരുന്നു.

Wednesday, June 20, 2007

പൂക്കള്‍ പ്രണയിക്കാറില്ല
പ്രണയം പക്ഷേ പൂക്കുന്നു
ചെമ്പരത്തിയെ നോക്കൂ...


കടപ്പാട്: ഇക്കാക്ക