കാവിലേക്കുള്ള പാത എന്റേതല്ല,
അനുവാദം തരേണ്ടതും ഞാനല്ല.
കുഴയുന്ന നാവിനു രഹസ്യങ്ങളില്ല,
ഉന്മാദത്തിന്റെ ആലസ്യമേയുള്ളൂ.
ഞാനഴിച്ചു കുടഞ്ഞ ചേലയില്‍ നിന്നും
ഒരു കോടി ഇലകള്‍ വഴി മറച്ചു
എന്റെ അഴിഞ്ഞുലഞ്ഞ മുടികെട്ടില്‍ നിന്നും
സൂര്യന്‍ തുളുമ്പി വീണു.
ചുഴലുന്ന നിറക്കൂട്ടില്‍ കാലിടറിക്കൊണ്ട്
കാറ്റിന്റെ കൈകളില്‍ കാലമര്‍ത്തി
നാഗങ്ങളുടെ ആത്മാവായി ആടിവീഴുമ്പോള്‍
ചിത്രകൂടം നെഞ്ചില്‍ നിന്നൂര്‍ന്നു വീണു.
ഉറഞ്ഞു തുള്ളി ചോര തീണ്ടി ഞാനുണര്‍ന്നു
അടങ്ങാത്ത കലിയില്‍ തുള്ളുമ്പോള്‍
ഒരു നായയും വഴിമുടക്കില്ല... നാഗവും.
ഞാന്‍ കൊത്താറേയുള്ളൂ, വിഷമിറക്കാറില്ല!