Monday, July 20, 2009

ശുദ്ധം

പ്രണയവും വെറുപ്പും കലങ്ങിത്തെളിഞ്ഞപ്പോള്‍,
ആദ്യം അടിഞ്ഞത് പ്രണയമായിരുന്നു.
വെറുപ്പ് തെളീനീരായി, പ്രാണജലമായി,
കളകളമായി പൊട്ടിച്ചിരിച്ചൊഴുകി.
കിണുങ്ങിയ പാദസ്വരവും, മയങ്ങിയ അരഞ്ഞാണവും
അനുസരണയില്ലാത്ത എന്റെ മുടിയിലൂടെയും
ഒഴുകിയ വെറുപ്പ്.
മനസ്സിനെയും ശിരസ്സിനേയും തണുപ്പിച്ചൊഴുകി
അലകള്‍ക്ക് മീതെ അലകളായി
എന്നെ കഴുകി തുടച്ചൊരുക്കി...
നനവോടെ ഞാന്‍ ഈറനുടുത്തപ്പോള്‍
എന്നെയ് വിയര്‍പ്പാണു നാ‍റിയത്.

Monday, February 2, 2009

മുലകള്‍...എന്റേതും.

ആദ്യമായി മറയ്ക്കാന്‍ പഠിപ്പിച്ച സ്വകാര്യവും
എന്നെ നാണിപ്പിച്ച വികാരവും എന്റെ മുലകള്‍...

ഞാന്‍ വിങ്ങുമ്പോള്‍ കൂടെ വിങ്ങിയതും,
കരയുമ്പോള്‍ കൂടെ വിതുമ്പിയതും അവ...

ഭയത്തില്‍ പിടച്ചതും മുറുങ്ങി വലിഞ്ഞതും
മിടിപ്പുകളെ ഏറ്റു വാങ്ങിയതും എന്റെ മുലകള്‍...

ചിരിയുടെ കൂടെ തുളുമ്പിയതും മറന്നതും
ശ്രിംഗാരത്തില്‍ പൊങ്ങിത്താണതും അവ...

എന്നെ ഞാനാക്കിയതും എന്നെ ഉണര്‍ത്തിയതും
സ്ത്രീ എന്ന മാനം തന്നതും എന്റെ മുലകള്‍...

ഒളിപ്പിക്കാനുള്ള മുതലായി ഏല്‍പ്പിച്ചിട്ടും
ഒളിപ്പിക്കാന്‍ ഞാന്‍ മറന്നു പോയ മുലകള്‍...

പലവട്ടം ഉച്ചരിക്കാന്‍ പേടിച്ച വാക്കായി
ചുണ്ടില്‍ തങ്ങിയ, “മുലകള്‍ മുലകള്‍ മുലകള്‍”.

കാമഭ്രാന്തിന്റെ വിരലുകള്‍ പിഴിഞ്ഞതും
വേദനയില്‍ വിങ്ങിയതും എന്റെ കൊച്ചു മുലകള്‍...

വാക്കു കൊണ്ടും നോക്കു കൊണ്ടും അറിഞ്ഞും അറിയാതെയും
ഒരു നൂറ് ബലാത്സംഗങ്ങള്‍ കണ്ടതും അവ...

പിടിച്ചു കെട്ടിയതും പുസ്തകത്തിലൊളിപ്പിച്ചതും
മറത്തുണിയിട്ട് മൂടിയതും എന്റെ ഈ മുലകളെ...

എന്നിട്ടും മറയാതെ അടങ്ങാതെ ഒതുങ്ങാതെ
എന്റേയായും ഞാനായും എന്റെ ഈ മുലകള്‍...