Friday, March 30, 2007

സുല്‍ത്താന്‍ വീട്.


ചെറുപ്പകാലത്തെ കുറിച്ച് വലിയ ഓര്‍മ്മകളൊന്നും ഇല്ല। കോഴിക്കോട് നഗരമധ്യത്തിലാണ് ജനിച്ച് വളര്‍ന്നതെങ്കിലും, മോഡേണ്‍ മലയാളി കൊഞ്ചികള്‍ “പരയുന്ന നട്ടക്കാവിലും വെല്ലിമാറ്റ്കുന്നില്ലും” ബൂസ്റ്റും കോമ്പ്ലാനും കുടിച്ച് അടയിരുത്തി അല്ല വളര്‍ന്നത് എന്ന അഹങ്കാരം എനിക്ക് നന്നായി ഉണ്ട്। മഴക്കാലത്ത് ഇടവഴിയിലെ ചെളിവെള്ളത്തില്‍ കപ്പലുണ്ടാക്കി ഒഴുക്കിയും അതിനൊപ്പൊ ഒഴുകിയും; വെയിലത്ത് അമ്പും വില്ലും ഉണ്ടാക്കി രാമായണം കളിച്ചും; മാവിന്‍ ചുവട്ടിലെ സീതയായും മുകളിലെ ഹനുമാനായും വേഷം മാറിയും മുട്ടുംകാലില്‍ തൊലി ഉണ്ട് എന്നത് ഒരു അപൂര്‍വ്വസംഭവുമായ ചെറുപ്പം। കുളിപിച്ച് പൌഡറും പൂശി ടിവി’ക്കും കമ്പ്യൂട്ടറിനും മുന്‍പില്‍ ഇരുത്തിയുമില്ല।
ആകെ അടങ്ങിയിരുന്ന ഓര്‍മ്മ അക്ഷരങ്ങള്‍ അറിയാതെ ബാലരമക്ക് മുമ്പില്‍ മിഴിച്ചിരുന്ന ഓര്‍മ്മയാണ്। തലയില്‍ കൂടി ഒരായിരം കഥാസന്ദര്‍ഭങ്ങള്‍ ഓടികളിക്കുന്ന മിഴിപ്പ്! കുട്ടൂസന്‍ എന്തിനായിരിക്കാം ഞെട്ടിയത് എന്നറിയാന്‍ മണികൂറുകളോളം ഇക്കാക്കമാരുടെ പുറകെ നടന്നിട്ടുണ്ട്. പിന്നെ വായിക്കാനുള്ള അതിയായ ആഗ്രഹമായിരുന്നു. കുട്ടൂസന്‍ ഞെട്ടിയത് എന്തിനാണെന്ന് അറിയണമല്ലൊ? കോഴിക്കോടെ പ്രശസ്ത ന്യൂമറോളജിസ്റ്റായ ഡേവിഡ് എന്ന ഡാഡിയുടെ അടുത്ത് ഞാന്‍ എത്തുന്നത് അങ്ങനെയാണ്. നാലാമത്തെ വയസ്സില്‍ അങ്ങനെ മലയാളത്തെ കുരുക്കിട്ട് പിടിച്ചു. കുട്ടൂസനു ഞെട്ടാന്‍ കാര്യമായ കാരണങ്ങളൊന്നും അപ്പോഴല്ലെ മനസ്സിലായത്?!!

ആദ്യമായി ഓര്‍മ്മയിലുള്ള പുസ്തകം ഉപ്പാപ്പയുടെ ശേഖരത്തില്‍ നിന്നും വായിക്കുന്ന “സുല്‍ത്താന്‍ വീട്” ആണ്। അതിലെ ഒരോ കഥാപാത്രവും ഞങ്ങളുടെ തറവാട്ടിന്റെ ഊടുവഴികളില്‍ ഞാന്‍ അറിഞ്ഞവരായിരുന്നു। അതിലെ ഓരോ വാക്കും എന്നോട് ഉമ്മാമയും, ഉമ്മയും പറഞ്ഞവ, അതിലെ ഒരോ പിയാപ്ലയും എന്റെയ് ഉപ്പയും എളാപ്പയും ഉപ്പാപ്പയും ആയിരുന്നു। അതിലെയ് മുട്ടപത്തിരിയും, മുട്ടമാലയും, സുലൈമാനിയും എന്റെയ് രാത്രി ഭക്ഷണമായിരുന്നു। അതിലെ കാരണവത്തിക്ക് ഞങ്ങള്‍ ബിച്ചാമി എന്നു വിളിച്ച നമ്മുടെ കാരണവത്തിയുടെ ചങ്കുറപ്പും ശൌര്യവും ശബ്ദവുമായിരുന്നു। ഞാന്‍ പറഞ്ഞു കേട്ട ബിച്ചാമിയുടെ ഭരണം...

ഉപ്പാപ്പയുടെ ആ കോപ്പി ഏതൊ അലവലാതി കട്ടുകൊണ്ടു പോയി। പിന്നെ ഒരു പാട് ഒരു കോപ്പിക്ക് വേണ്ടി ഞാന്‍ തിരഞ്ഞു നടന്നു। അവസാനമായി വായിച്ചത് ദേവഗിരി കോളേജിലെ ലിബ്രറിയില്‍ നിന്നും എനിക്ക് വേണ്ടി മാത്രം ഏതൊ അട്ടത്ത് നിന്നും എടുത്ത് തന്ന ഒരു പഴകിയ കോപ്പിയാണ്। അതിനു അതെ മണമായിരുന്നു। ബിച്ചാമിയുടെ കാച്ചിയുടെ കഞ്ഞിപശയുടെ മണം.

1 comment:

survivingbrain said...

was really really surprised u didnt have a comment yet on this post. One of your earlier posts, but this one was really good!!
liked the statement as to the skin on ur knee, and about kuttoosan.

I am yet to figure out how to comment in malayalam, but then, hopefully i can comment in malayalam!!!!