Saturday, October 20, 2007

കള്ളന്‍.

ആദ്യമായി അമ്മിഞ്ഞ
കട്ടു നുകര്‍ന്നപ്പോള്‍
കണ്ണില്‍ സ്നേഹം കവിഞ്ഞ്
അമ്മ വിളിച്ചൂ, “കള്ള ക്രിഷ്ണാ..”

കടലാസുപെന്‍സില്‍ പിടിച്ച്
കൈവിരല്‍ കുഴഞ്ഞപ്പോള്‍
ചെവിയില്‍ നുള്ളി പറിച്ച്
മാഷ് വിളിച്ചൂ, “കള്ള ബലാലേ"

എണ്ണ കാറി മണക്കുന്ന
മുടി മാടി ഒതുക്കിയപ്പോള്‍
വിരലുകള്‍ ഒടിച്ചു
കാമുകി വിളിച്ചൂ, “കൊച്ചു കള്ളാ..”

ഓര്‍മ്മകള്‍ തുളുമ്പിയ
ഓരോ ഏടും നോക്കിയപ്പോള്‍...
ഞാന്‍ കള്ളനായതോ
എന്നെ ആക്കിയതോ?

Tuesday, October 2, 2007

വേനല്‍

ആദ്യത്തെ സൂര്യകിരണത്തിന്റെ
പൊള്ളുന്ന ചൂടില്‍ കിടന്നു ഞാന്‍
മണ്ണിന്റെ മണമുള്ള ശംഖുകള്‍
മാല കോര്‍ത്തു അരയിലണിഞ്ഞു.

വിരിയുന്ന താമരയുടെ ഈണം,
തുള്ളുന്ന എന്റെ നെഞ്ചില്‍ നീയും,
സൂര്യനും ചന്ദ്രനും നക്ഷത്രവും മണ്ണും,
കാമാര്‍ത്തരായി വന്നലയ്ക്കുന്നു.

നനഞ്ഞു നനഞ്ഞു ഞാനലിഞ്ഞു.

നഗ്നയായ ഒരു തുണ്ട് ഭൂമി ഞാന്‍,
ഇന്ദ്രനേ, നീ തിമര്‍ത്തു പെയ്യൂ,
നിന്നില്‍ എനിക്ക് നനയണം,
മണ്ണില്‍ പൂണ്ടു കുഴയണം.

മേഘങ്ങളെന്നെ പൊതിയുന്നു,
എന്റെ ചൂടില്‍ അലിഞ്ഞു വീണ്ടും പെയ്യുന്നു.
നനഞ്ഞ ഇലകളും കൊഴിഞ്ഞ പൂക്കളും,
എന്റെ നഗ്നത മറയ്ക്കുന്നു.

എനിക്ക് വീണ്ടും നാണിക്കണം.