Monday, May 7, 2007

റിപ്പോര്‍ട്ട്.

അണുബാധയേറ്റ കോശങ്ങളും,
പാല്‍ ചുരത്തുന്ന മുലകളും
എനിക്കയച്ചു തരൂ...
ഒഴിഞ്ഞ വിഷക്കുപ്പികളും,
കരിഞ്ഞ പാടങ്ങളും ജപ്തിക്കടലാസും.
എന്റെ വിലാസത്തില്‍ മാറ്റമില്ല.
പൊട്ടിത്തെറിച്ച സ്റ്റൌവും,
കത്തിക്കരിഞ്ഞ പുടവയും
ഓടയിലെ കുഞ്ഞുങ്ങളും,
സര്‍ക്കാരിന്റെ സഹായവാഗ്ദാനങ്ങളും.
കീറിയെറിഞ്ഞ ഗര്‍ഭപാത്രങ്ങളും,
മതത്തിന്റെ താണ്ഡവാഗ്നിയും.

ദൈവത്തിനു അയക്കാനൊരു റിപ്പോര്‍ട്ട് .
അവന്റെ മക്കളുടെ കഥ.
വരണ്ട ചുണ്ടുകള്‍ ഒപ്പിട്ട്,
കണ്ണീരില്‍ കുതിര്‍ത്ത് ഒട്ടിച്ചത്.
ഞാന്‍ അയക്കാം അവനിലേക്ക്
എന്റെ ആകെ പേടി...അവന്‍ നിരക്ഷരനാണോ??

18 comments:

Abdu said...

എനിക്കും ആ സംശയം ഇല്ലാതില്ല

ഗുപ്തന്‍ said...

ഐസിബീ..
ഇതുവരെ കണ്ടതില്‍ വച്ച് നിങ്ങളുടെ ഏറ്റവും മികച്ച പോസ്റ്റാണിത്...
വളരെ നല്ല കവിത.... ഉള്ളടക്കത്തിലും രചനയിലും
ആ നടുക്കുന്ന ചോദ്യം കവിതയുള്ള ഒരു മനസിലേ ഉണ്ടാകൂ.. അഭിനങ്ങള്‍..

ഇറ്റാലിയന്‍ ഭാഷ പഠിച്ചശേഷം ആ ഭാഷയില്‍ ഞാന്‍ ആദ്യം വായിച്ച കവിതാസമാഹാരം ഒരു പാതിരിയുടേതാണ്. ദാവിദ് മരിയ തുറോള്‍ദോ എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേത്തിന്റെ ഒരു രചനയെ ഓര്‍മ്മിപ്പിച്ചു ഈ കവിത (ഇംഗ്ലിഷിലേക്ക് ഓര്‍മ്മയില്‍ നിന്ന് പകര്‍ത്തുന്നു:

How come you are so late O Lord,
to take into your hands the reins of this world?
Your eyes wake into the vision of our disfigured bodies;
you navigate in the river of our tears...
O Lord of the earth and Father of the poor,
We dont have any more a wing that covers us at the dusk..

ഉറവിടം വിശ്വാസമാണങ്കിലും നാസ്തികമായ യുക്തിയാണെങ്കിലും ചോദ്യങ്ങളുടെ ഉള്ളടക്കം ഒന്നു തന്നെ... ദുരിതാക്ഷരങ്ങള്‍ വായിക്കാനറിയാത്ത ഒരു ദൈവം...


ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍

Kaippally കൈപ്പള്ളി said...

ഇതു അല്പം സഹിക്കാം.

Pramod.KM said...

ഈ കവിത ഏറെ ഇഷ്ടമായി.;)

vimathan said...

എന്താ സംശയം.

സുല്‍ |Sul said...

ഒരിക്കലും അവന്‍ നിരക്ഷരനല്ല.
എല്ലാം ചുവന്ന നാടയുടെ പ്രശനങ്ങളാണ്
ഇന്നല്ലെങ്കില്‍ നാളെ കുരുക്കഴിയും
അതു നല്ലതിനു തന്നെയായിരിക്കും...

കവിത ഇഷ്ടപെട്ടു.
-സുല്‍

റീനി said...

"എന്റെ ആകെ പേടി...അവന്‍ നിരക്ഷരനാണോ"
അയിഷ, എന്നിലേക്കും ആ പേടി പടര്‍ന്നു കയറിയിരിക്കുന്നു.

പ്രമോദ്‌ പറഞ്ഞിരിക്കുന്നത്‌ വെറുതെയിരുന്ന്‌ പിത്തം പിടിച്ച ദൈവങ്ങള്‍ വിഗ്രഹങ്ങളിള്‍ നിന്നും ഇറങ്ങിപ്പോയോ എന്ന്. ഇപ്പോ അയിഷ പറയുന്നു ദൈവത്തിന്‌ വായിക്കുവാന്‍ അറിയുമോയെന്ന്‌. എനിക്ക്‌ ആകെക്കൂടി ചിന്താക്കുഴപ്പം.

അത്തിക്കുര്‍ശി said...

വരികള്‍ നന്നായി..

Sreejith K. said...

കവിത മനോഹരം

വേണു venu said...

ആവത്തിക്കപ്പെട്ട ആശയം തന്നെ.
വരികള്‍‍ നന്നായി...

ഏറനാടന്‍ said...

ഐസിബി സംശയിക്കേണ്ട നിരക്ഷരനല്ല അയച്ചോളൂ.. തപാലന്‍ or അഞ്ചലോട്ടക്കാരന്‍ വായിച്ചുകൊടുത്തോളും. (അയാളും നിരക്ഷരന്‍ ആണോന്ന്‌ ചോദിച്ചാല്‍...!)

Rasheed Chalil said...

:)

തറവാടി said...

നിനക്ക്,

വായിക്കാന്‍ കണ്ണും,
എഴുതാന്‍ കയ്യും,
ചിന്തിക്കാന്‍ ബുദ്ധിയും
തന്നവനോട് തന്നെ
ഇതു ചോദിക്കണം!.

അഞ്ചല്‍ക്കാരന്‍ said...

ചിന്ത കൊള്ളാം..
പക്ഷേ ഐസുത്തായുടെ എല്ലാ രചനകളിലും അസ്തിത്വവാദം നിഴല്‍ വിരിക്കുന്നുണ്ട്. രചനകള്‍ ജീവിതത്തിന് നേരെ പിടിച്ച കണ്ണാടിയാണെങ്കില്‍ സകലതിനേം എതിര്‍ക്കാനുള്ള ഒരു ത്വര സ്രിഷ്ടികളില്‍ കാണുന്നുണ്ട്. അത് തെറ്റാണെന്നും പറയാ‍ന്‍ കഴിയില്ലല്ലോ. “മാറ്റുവിന്‍ ചട്ടങ്ങളെ അല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെ താന്‍” എന്ന് ഉണര്‍ത്തിച്ചതും മഹാകവി തന്നെയല്ലേ...പക്ഷേ എല്ലാത്തിനോടും പുറംതിരിഞ്ഞു നില്‍ക്കാനുള്ള മാനസികാവസ്ത ഉണ്ടാകാതെ സൂക്ഷിക്കണം.
വരികള്‍ക്ക് അഭിനന്ദനങ്ങള്‍.
ഭാവുകങ്ങളോടെ..
അഞ്ചല്‍കാരന്‍.

ബയാന്‍ said...

ദൈവം പാലുകുടിക്കാന്‍ തുടങ്ങീട്ടുണ്ട്‌; കട്ടിയാഹാരങ്ങള്‍ ഇപ്പോഴും വര്‍ജ്യം; ഇനി രണ്ടക്ഷരം കൂടി പഠിപ്പിക്കണം; ദൈവത്തെ കമ്പ്യൂട്ടര്‍ സാക്ഷരതവരെ പഠിപ്പിച്ചു; ഒരു ബ്ലോഗനുമാക്കണം.

മുല്ലപ്പൂ said...

വരികള്‍ തുച്ഛമെങ്കിലും, ആശയം തീഷ്ണം.
കൊള്ളാം

fawazabdulla said...

Since this partial answer to his prayer, Hannibal Lecter had not been bothered by any considerations of deity, other than to recognize how his own modest predations paled beside those of God, who is in irony matchless, and in wanton malice beyond measure.....

Sandeep said...

manshyar nirakshararayirikkunnidathollam kaalam daivavum niraksharanum nirakulanum aayirikkum,kaaranam daivam manushyante manassil aanu jeevikkunnathu.athinu purathu avanu aayussilla.