Friday, September 10, 2010

അനല്‍ ഹഖ്

നീയാകുന്നു ആദിവചനവും അതിന്റെ മുഴങ്ങുന്ന തര്‍ജ്ജമയും 
എന്നിലെ പ്രകമ്പനമായുള്ള ആമീനും ഓംകാരവും 
തൌറാത്തും വേദവും ഖുര്‍ആനും അവയ്ക്ക് പറയാനുള്ളതും
മൂസയുടെ ഫലകവും ഈസായുടെ കുരിശും എന്നിലൊളിച്ചു

നിന്നിലെ  തീര്‍ത്ഥാടകന് മുങ്ങി നിവരാനുള്ള തെളിനീര്‍
എന്റെ ഉള്ളിന്റെ ഉള്ളിലെ ഉറവില്‍ നിന്നും ഞാന്‍ ഒഴുക്കാം.
നിന്റെ വിഗ്രഹങ്ങള്‍ക്കുള്ള അള്‍ത്താര ഒരുക്കാന്‍
എന്റെ നെഞ്ചും എന്റെ ഉദരവും ഞാന്‍ വെള്ളയില്‍ പൊതിയാം


ചരിത്രം എന്റെ നഗ്നതയില്‍ പൂത്തുലഞ്ഞു നമിച്ചു നിന്നു
കണ്ണാടിയില്‍ ആകാശവും ഭൂമിയും വന്നു മൂടി 
നനവു ചിക്കി ഉണക്കുന്ന കറുത്ത ആകാശത്തിനു കീഴെ
ആറടി ഉഴുതു മറിച്ച ഭൂമി വിളഞ്ഞു തുടുത്തിരുന്നു...


Friday, February 5, 2010

നാഗപ്പാട്ട്

കാവിലേക്കുള്ള പാത എന്റേതല്ല,
അനുവാദം തരേണ്ടതും ഞാനല്ല.
കുഴയുന്ന നാവിനു രഹസ്യങ്ങളില്ല,
ഉന്മാദത്തിന്റെ ആലസ്യമേയുള്ളൂ.

ഞാനഴിച്ചു കുടഞ്ഞ ചേലയില്‍ നിന്നും
ഒരു കോടി ഇലകള്‍ വഴി മറച്ചു
എന്റെ അഴിഞ്ഞുലഞ്ഞ മുടികെട്ടില്‍ നിന്നും
സൂര്യന്‍ തുളുമ്പി വീണു.

ചുഴലുന്ന നിറക്കൂട്ടില്‍ കാലിടറിക്കൊണ്ട്
കാറ്റിന്റെ കൈകളില്‍ കാലമര്‍ത്തി
നാഗങ്ങളുടെ ആത്മാവായി ആടിവീഴുമ്പോള്‍
ചിത്രകൂടം നെഞ്ചില്‍ നിന്നൂര്‍ന്നു വീണു.

ഉറഞ്ഞു തുള്ളി ചോര തീണ്ടി ഞാനുണര്‍ന്നു
അടങ്ങാത്ത കലിയില്‍ തുള്ളുമ്പോള്‍
ഒരു നായയും വഴിമുടക്കില്ല... നാഗവും.
ഞാന്‍ കൊത്താറേയുള്ളൂ, വിഷമിറക്കാറില്ല!

Wednesday, February 3, 2010

ചൂട്

കുരുമുളകു വള്ളിപോലെ ഇഴഞ്ഞു കയറാനേ അറിയൂ
കാന്താരി കൊണ്ട് കണ്ണെഴുതിയേ മോഹിപ്പിക്കൂ
വെണ്ണീറിന്റെ ദൃഷ്ടിയുമായി നോക്കിയപ്പോള്‍
തിണര്‍ത്തു പൊള്ളിയടങ്ങിയത് കാമഭാവം.

ചുടുച്ചോരയും നാഭിയിലെ സൂര്യനും, എന്റേത്
കരിഞ്ഞ മാംസച്ചുവയുള്ള ചുംബനവും, എന്റേത്.
ചുവന്ന വിരിപ്പില്‍ പറ്റിപ്പടര്‍ന്ന കറകള്‍, എന്റേത്
നീ ഞെരുങ്ങി തളര്‍ന്ന ഉഷ്ണവും, എന്റേത്.

പിരിമുളകിന്റെ ചൂടുള്ള നട്ടെല്ലാണെനിക്ക്
എരിഞ്ഞു പുളഞ്ഞു വളയാനറിയുന്നത്
മജ്ജയും മാംസവും കത്തിപുകയുന്ന എന്നില്‍ നിന്നും
വാക്കുകള്‍ നെഞ്ചു വാട്ടിയെ വരൂ...

Monday, July 20, 2009

ശുദ്ധം

പ്രണയവും വെറുപ്പും കലങ്ങിത്തെളിഞ്ഞപ്പോള്‍,
ആദ്യം അടിഞ്ഞത് പ്രണയമായിരുന്നു.
വെറുപ്പ് തെളീനീരായി, പ്രാണജലമായി,
കളകളമായി പൊട്ടിച്ചിരിച്ചൊഴുകി.
കിണുങ്ങിയ പാദസ്വരവും, മയങ്ങിയ അരഞ്ഞാണവും
അനുസരണയില്ലാത്ത എന്റെ മുടിയിലൂടെയും
ഒഴുകിയ വെറുപ്പ്.
മനസ്സിനെയും ശിരസ്സിനേയും തണുപ്പിച്ചൊഴുകി
അലകള്‍ക്ക് മീതെ അലകളായി
എന്നെ കഴുകി തുടച്ചൊരുക്കി...
നനവോടെ ഞാന്‍ ഈറനുടുത്തപ്പോള്‍
എന്നെയ് വിയര്‍പ്പാണു നാ‍റിയത്.

Monday, February 2, 2009

മുലകള്‍...എന്റേതും.

ആദ്യമായി മറയ്ക്കാന്‍ പഠിപ്പിച്ച സ്വകാര്യവും
എന്നെ നാണിപ്പിച്ച വികാരവും എന്റെ മുലകള്‍...

ഞാന്‍ വിങ്ങുമ്പോള്‍ കൂടെ വിങ്ങിയതും,
കരയുമ്പോള്‍ കൂടെ വിതുമ്പിയതും അവ...

ഭയത്തില്‍ പിടച്ചതും മുറുങ്ങി വലിഞ്ഞതും
മിടിപ്പുകളെ ഏറ്റു വാങ്ങിയതും എന്റെ മുലകള്‍...

ചിരിയുടെ കൂടെ തുളുമ്പിയതും മറന്നതും
ശ്രിംഗാരത്തില്‍ പൊങ്ങിത്താണതും അവ...

എന്നെ ഞാനാക്കിയതും എന്നെ ഉണര്‍ത്തിയതും
സ്ത്രീ എന്ന മാനം തന്നതും എന്റെ മുലകള്‍...

ഒളിപ്പിക്കാനുള്ള മുതലായി ഏല്‍പ്പിച്ചിട്ടും
ഒളിപ്പിക്കാന്‍ ഞാന്‍ മറന്നു പോയ മുലകള്‍...

പലവട്ടം ഉച്ചരിക്കാന്‍ പേടിച്ച വാക്കായി
ചുണ്ടില്‍ തങ്ങിയ, “മുലകള്‍ മുലകള്‍ മുലകള്‍”.

കാമഭ്രാന്തിന്റെ വിരലുകള്‍ പിഴിഞ്ഞതും
വേദനയില്‍ വിങ്ങിയതും എന്റെ കൊച്ചു മുലകള്‍...

വാക്കു കൊണ്ടും നോക്കു കൊണ്ടും അറിഞ്ഞും അറിയാതെയും
ഒരു നൂറ് ബലാത്സംഗങ്ങള്‍ കണ്ടതും അവ...

പിടിച്ചു കെട്ടിയതും പുസ്തകത്തിലൊളിപ്പിച്ചതും
മറത്തുണിയിട്ട് മൂടിയതും എന്റെ ഈ മുലകളെ...

എന്നിട്ടും മറയാതെ അടങ്ങാതെ ഒതുങ്ങാതെ
എന്റേയായും ഞാനായും എന്റെ ഈ മുലകള്‍...

Thursday, October 9, 2008

മതം- ഒരു രണ്ടാം ക്ലാസുകാരന്റെ കണ്ണിലൂടെ.

ആത്യമായി മതത്തെ ഞാൻ കാണുന്നത് അമ്പലത്തിൽ പോയപ്പോഴാണ്. അന്നെന്റെ കൂടെ അമ്മയും അച്ചനും അമ്മയും ഏച്ചിയും ഉണ്ടായിരുന്നു. എല്ലാവരും പ്രാർതിച്ചു കഴിഞ്ഞു, അമ്പലത്തിന്റെ പുറകിൽ ഉത്സവത്തിനുള്ള പുറപ്പാട് കാണാൻ നിന്നപ്പോഴാണ് വലിയ ശബ്ദത്തോടെ മതം വന്നത്. കൂറേ ആളുകൾ കരഞ്ഞു കൊണ്ട് ഓടി പോയി. അച്ചൻ എന്നെയും ചേച്ചിനേയും അമ്മനേയും കൂട്ടി ഓടി, അമ്പലത്തിന്റെ ഉള്ളിൽ കേറി ഒളിച്ചു. എല്ലാവരും പേടിച്ചു പോയിരുന്നു. ചേച്ചി കരഞ്ഞു, ഞാൻ കരഞ്ഞില്ല. ഗോബി ചോട്ടൻ അച്ചനോട് പറഞ്ഞു, “ഈ ആളുകളൊന്നും പറഞ്ഞാലും കൊണ്ടാലും പഠിക്കില്ല. എത്ര പ്രാവഷ്യം ഈ അമ്പലത്തിൽ തന്നെ ചോര ചിന്തിയതാ? പ്രഷ്നം വരുമ്പഴേ മനസ്സിലാകുന്നവരല്ലെ ഇവരൊക്കെ, പിന്നെന്താ ഒന്നും ചെയ്യാത്തെ?” അച്ചൻ എല്ലാം സമ്മതിച്ചു കൊടുത്തു, “ഇത്രയും വലിയ ഒരു കാര്യം എങ്ങനെ നിയന്ത്രിക്കാനാണ് ഗോബിയേ? പിടിച്ചാൽ നിൽക്കുന്നതാണോ? തലയിൽ കിടന്നു, തിളച്ചു മറിഞ്ഞൌ പിരാന്തിളകി എല്ലാം സംഹരിക്കാൻ തൊടങ്ങിയാ പിന്നെന്താക്കാനാണ്? അത് അതിന്റെ വിധിക്ക് വിടാതെ അതിനെ വളച്ചൊടിച്ച് നാലു ഭാഗത്ത് നിന്നും വലിച്ച്, കീറി, അതിന്റെ ചെവിക്ക് സൌര്യം കൊട്ക്കാതെ എങ്ങീനെയാ?”
വടിയും കുന്തവും തോക്കും കൊണ്ട് കുറേ പേർ വന്നു. എല്ലാരും പേടിച്ച് ഉറക്കെ നിലവിളിച്ചു, കുന്തം പിടിച്ച ആളു പറഞ്ഞു, “ആരും മിണ്ടരുത്! ഷബ്തിച്ചാൽ എല്ലാരും ഇതിനകത്ത് കിടന്ന് മരിക്കും.”
എല്ലാരും മിണ്ടാതെ ഇരുന്നു. പുറത്ത് വെടി വെക്കുന്ന ഷബ്തം കേട്ടു, ഉരക്കെ അലറുന്ന ഷബ്തവും കേൾക്കുന്നുണ്ടായിരുന്നു. പിന്നെ വടിയും കുന്തവും പിടിച്ച ആളുകൾ പുറത്ത് പോയി. ഓടുന്നതും, വെടിവെക്കുന്നതും, അടിക്കുന്നതും ഒക്കെ ഷബ്തം കേട്ടു. കുറേ കഴിഞ്ഞപ്പോൾ രണ്ടാൾ അകത്തു വന്നു എന്നിട്ട് പറഞ്ഞു, “എല്ലാരും പോയ്ക്കോ, ആനയെ തളച്ചു. മതം പൊട്ടിയതായിരുന്നു.”

Tuesday, June 24, 2008

Infogroup അഥവാ Insight Foundation for Human Excellence, ചതിയുടെ പുതിയ മേച്ചിൽ‌പ്പുറങ്ങൾ തേടി!

സത്യങ്ങൾ വിളിച്ചു പറയാനും, ഒരു പരിധി വരെ അത് എത്തേണ്ടിടത്ത് എത്തിക്കാനും ബ്ലോഗുകൾക്കുള്ള അപാരശക്തിയെ കുറിച്ച് ഞാൻ ആലോചിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. അനീതിക്കെതിരെ ഒരു ചെറിയ ശബ്ദമായി ഇതിനെ നിയോഗിക്കാൻ അങ്ങനെയാണു തീരുമാനം.
ഈ മനുഷ്യനെ ഒന്നു പോയി പരിചയപ്പെട്ട്  വരൂ.. വന്നിട്ട് കുറച്ച് പറയാനുണ്ട്... http://www.linkedin.com/pub/kp-jareesh/22/97a/322 
ഇവന്‍ കെ. പി ജറീശ് - കള്ളനു കഞ്ഞി വെക്കുന്നവന്‍ എന്നൊക്കെ ബാലരമയിലും പൂമ്പാറ്റയിലും വായിച്ചിട്ടില്ലേ? അതിവനാ. വിളിച്ചാല്‍ ഫോണ് എടുക്കാതിരിക്കല്‍, വീട്ടിന്റെയുള്ളില്‍ ഒളിച്ചിരുന്നു ഉപ്പാനെയും ഉമ്മാനെയും കൊണ്ട് കള്ളം പറയിക്കല്‍, വക്കീല്‍ നോട്ടീസ് കൈപറ്റാതിരിക്കല്‍, യാതൊരു ഉളുപ്പുമില്ലാതെ ചതിച്ചവരുടെ വീട്ടില്‍ കള്ളം പറഞ്ഞു കയറി മൂക്ക് മുട്ടെ വാരിവലിച്ച് തിന്നുക എന്നത് സ്ഥിരം പരിപാടി. ജോലി ചെയ്ത കാശിനു ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞു "നിന്നോട് അല്ലാഹു ചോദിച്ചോളും എന്ന്‍" എന്തിനു? അല്ലാഹു ഇപ്പോള്‍ കള്ളന്മാരുടെ കൂടെ കൂടിയോ?

പിന്നെ ഇവന്‍ , "കമ്പനിയുടെ ചെയര്‍മാന്‍. ചെയരിലിരുന്നത് നാലാളെ പറ്റിച്ച് വിസക്കുള്ള കാശൊപ്പിക്കാന്‍. ഇനി വല്ല വിവാഹത്തട്ടിപ്പ്  ഉണ്ടായിരുന്നോ എന്ന്‍ അറിവില്ല. ഉണ്ടെങ്കിലും എനിക്ക് വലിയ അത്ഭുതമൊന്നും തോന്നുകയുമില്ല. കാശിനു വേണ്ടി എത്ര തറയാവാനും മടിയില്ലാത്ത കമ്പനിയുടെ ചെയര്‍മാനായിരുനല്ലോ? 
കഥ ഇങ്ങനെ : മംഗലാപുരത്ത് ഒരു വർഷത്തെ ജോലിക്ക് ശേഷം കോഴിക്കോട് തിരിച്ചെത്തിയ സമയം, ജോലി അന്വേഷിക്കുന്നു... അപ്പോഴാണ് മംഗലാപുരത്ത് ഞാൻ ഫ്രീലാൻസു ചെയ്ത് കൊണ്ടിരുന്ന അഡ്വർറ്റൈസിങ് ഏജൻസിയിലെ ഹാരിസ് ഇൻഫൊഗ്രൂപ്പ് എന്ന ഒരു കമ്പനിയെ കുറിച്ച് എന്നോട് പറയുന്നത്. പറഞ്ഞു കേട്ടപ്പോൾ എനിക്കും ഒരു താത്പര്യം തോന്നി. പൂനൂർ എന്ന ഒരു ഹള്ളിയിലെ കുറച്ച് ചെറുപ്പക്കാർ ( പറച്ചലിലേ ചെറുപ്പമുള്ളൂ) ചേർന്ന് തുടങ്ങിയ ഒരു സംരംഭം. എല്ലാ മേഖലയിലേക്കും പടർന്നു കിടക്കുന്ന ആക്റ്റിവിറ്റീസ്- വിദ്യാഭ്യാസം, കാർഷികം, വിനോദം, ഐ.റ്റി, മീഡിയ എന്നു വേണ്ട തൊട്ടതിലും തോണ്ടിയതിലും അവരുടെ “ആക്റ്റിവിറ്റീസ്”. എനിക്ക് തന്ന പോസ്റ്റ് കണ്ടന്റ് റൈറ്റരുടേതാണ്, വീട്ടിലിരുന്നു ജോലിയെടുക്കാം. അങ്ങനെ ഞാൻ ജോയിൻ ചെയ്തു, ഇഷ്ടം പോലെ പണി- അവരുടെ എല്ലാ ബ്രോഷറും, വെബ്സൈറ്റ് കണ്ടന്റും ഞാനാണൂ തയ്യാരാക്കിയത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു കാര്യം മനസ്സിലായി, തലപ്പത്ത് ഇരിക്കുന്ന എല്ലാ “യുവാക്കളും” പത്ത് പൈസക്ക് വിവരമില്ലാത്ത “ബുജികൾ” ആണെന്ന്. എടുത്താൽ പൊങ്ങാത്ത ആശയങ്ങളും ഭാവി പരിപാടികളും ചർച്ച ചെയ്യുക എന്നതൊഴിച്ചാൽ ഗ്രൂപ്പിനു വേറെ പണിയൊന്നുമില്ല. വലിയ വലിയ വായിൽ വലിയ വലിയ സംഭങ്ങൾ പറയുക ഒരു വലിയ പണിയാണല്ലോ?!! ഒന്നും ചെയ്യേണ്ടല്ലോ? ആൾക്കാരെ പറഞ്ഞു പറ്റിക്കുക അവരുടെ കാശ് ഇതിൽ നിക്ഷേപിക്കാൻ സമ്മതിപ്പിക്കുക, മീറ്റിങ്ങ്കളൊക്കെ വലിയ വലിയ മുന്തിയ ഹോട്ടലുകളില്‍ അല്ലാതെ നടത്തില്ല, യാത്ര കാറില്‍ മാത്രം. ഇതൊക്കെ യാതൊരു വരുമാനവും ഇല്ലാതെ, ആരാന്റെ തടി, തേവരുടെ ആന വലിയെടാ വലി. കുളൂസെന്തിനാ കുറക്കുന്നത്? മാഷും, ഇഞ്ചിനിയറും, മീഡിയാ എമ്പ്ലോയീസും..എല്ലാ വകയിലും ഉള്ള കള്ളസന്യാസികൾ. ഭയങ്കരം ഇസ്ലാമു പറച്ചിലും ഉണ്ട് ഇടക്കിടക്ക്. പക്ഷെ പറയിപ്പിച്ചത് ഇസ്ലാമിനെയാ എന്ന് മാത്രം. കുറച്ച് ഉളുപ്പ് കൂട്ടാനുള്ള ഇഞ്ചക്ഷൻ അറിയാമോ ആർക്കെങ്കിലും? അറിയാമെങ്കില്‍ ഇവര്‍ക്ക് അയച്ചു കൊടുക്കാമായിരുന്നു!

ഇതിൽ മാന്യരായ ചില പാവങ്ങളും പെട്ടു പോയി എന്നതാണ് വലിയ സങ്കടം. കള്ളസന്യാസികളുടെ വാക്ക് കേട്ട് കോടികൾ വീശിയ മലയാള നാടല്ലെ? ജെ.എൻ.യു, ഓണ്ട്രപ്രെന്യോർഷിപ്പ് എന്നൊക്കെ കേട്ട് വിവരസാങ്കേതികതയുടെ വ്യാപാരലബ്ദിയിലും ചില “ചെറുപ്പക്കാരുടെ” ആത്മവിശ്വാസത്തിലും വിശ്വസിച്ചതിൽ എന്തു കുറ്റമാണു കാണേണ്ടത്? റെയിൽബോ റ്റെക്നോളജി കണ്ടു പിടിച്ച് ഇന്ത്യയിലും വിദേശത്തും അറിയപെട്ട സൈനുൽ ആബിദിനേ  - കള്ള വാഗ്ദാനങ്ങൾ കൊണ്ട് മൂടി, “ഗ്രൂപ്പിലൊരു” പോസ്റ്റും കൊടുത്ത് പിറകിലൂടെ കത്തി കടത്തി ഗ്രൂപ്പ് തങ്ങളുടെ ചെറ്റത്തരം തെളിയിച്ചു. ബലെ ഭേഷ്!! സൈനു അവരേക്കാളും സത്യസന്ധനും ഒരു പാവവും ആയതു കൊണ്ട് നീറ്റായി ഊരി സ്വന്തം കമ്പനി തുടങ്ങി വിജയിച്ചു. അവനെ പറ്റിച്ച് ഗ്രൂപ്പ് അടിച്ചു മാറ്റിയ ലക്ഷങ്ങൽ ഇന്നും മുങ്ങിയിടത്ത്!

സ്വന്തം അധ്വാനത്തിന്റെ ബലം മാത്രം പറയാനുള്ള ബിബിൻഷാ. കോഴിക്കോട് എൻ. ഐ. ടിയിൽ ഷായ്ക്ക് ഒരു കൊച്ചു സോഫ്റ്റ്വെയർ ഫേം ഉണ്ട്, അതു ഗ്രൂപ്പുകാർ അവരുടെ പല ആവശ്യങ്ങൾക്കും കയ്യേറി, പല ഇല്ലാ വാഗ്ദാനങ്ങളൂം നൽകി അടിയോടെ നശിപ്പിച്ചു. കഷ്ടപ്പെട്ട് ഉണ്ടാക്കിയ കമ്പനിയും നശിപ്പിച്ച് കടവും കേറ്റി കൊടുത്ത്, ആസന്നങ്ങളിലെ പൊടിയും തട്ടി “ഗ്രൂപ്പ്” പിരിഞ്ഞു. ആരാന്റെ കമ്പനി, ആരാന്റെ കടം..നമ്മളെ കൊണ്ട് ഇത്രെയൊക്കെയല്ലേ കഴിയൂ?

സാലറി കൊടുക്കാതെ പണിയെടുപ്പിച്ചതിൽ ഒരു വ്യക്തി മാത്രം ഞാൻ. ചോദിക്കുമ്പോൽ മുടന്തു കാരണങ്ങളും, ഒളിച്ചു കളിയും സ്ഥിരമായപ്പോൾ ഞാൻ വേറെ ജോലിക്കു ചേർന്ന്, കോഴിക്കോട് ജയിലിൽ, എന്നെങ്കിലും എല്ലരെയും പറ്റിച്ച് പറ്റിച്ച് അവരും അവിടെയെത്തും എന്ന് ഞാൻ കരുതി. സാലറിക്ക് വിളിച്ചു ചോദിച്ചപ്പോൽ ജോലി സമയത്ത് എനിക്ക് തന്നിരുന്ന കമ്പ്യൂട്ടർ എന്റെ കയ്യിൽ തന്നെ ആയിരുന്നത് കൊണ്ട് ഉടനെ വന്ന് ഒരു ചെക്കെഴുതി തന്നു. എന്റെ വീട്ടിൽ ഉപ്പയും ഉമ്മയും എന്നെ ചതിക്കാനും കള്ളം കാണിക്കാനും പഠിപ്പിക്കാതിരുന്നത് കാരണം ഞാൻ എന്റേതല്ലത്ത ആ പി.സി മടക്കി കൊടുത്തു. പി.സി എടുക്കാൻ വന്ന ദിവസം ലാവിഷായി വീട്ടിന്നും ചായയും കുടിച്ച് എന്റെ കുറച്ച് പുസ്തകവും കട്ട് കൊണ്ടുപോയി.പൊന്നും പണവും അലമാരിയില്‍ വെച്ച് പൂട്ടിയിരുന്നത് കൊണ്ട് അത് ബാക്കിയായി. ഉളുപ്പില്ലായ്മയുടെ അപാര സാന്നിധ്യം. ഇതിനിടക്ക് അവരുടെ പാട്ട ഗ്രൂപ്പിന്റെ ഷെയറു വിൽക്കാനും ശ്രമിച്ചു!!! ഇതൊക്കെ ചെയ്യുന്നത് അവരു തന്ന ചെക്ക് ബൌൺസ് ചെയ്യും എന്ന് നന്നായി അറിഞ്ഞു കൊണ്ടാണ് എന്നു മനസ്സിലാക്കണം.
അവരുടെ “ഗ്രൂപ്പും”, കുടുംബവും അവരുടെ ആരാന്റെ പൈസ കട്ടുണ്ടാക്കിയ തടിയും വാങ്ങാനുള്ള ആസ്തിയൊക്കെ എന്റെ കുടുംബത്തിനുണ്ട്, അവരുടെ കാക്കാശ് ശമ്പളം ഒരു വാശിയായിരുന്നു. പിച്ചകാശൊന്നുമല്ലാലോ ചോദിക്കുന്നത്? ചെയ്ത ജോലിക്കുള്ള കൂലിയല്ലെ? വിളിച്ചാൽ ഒരു കാലത്തും ഫോൺ എടുക്കില്ല, മെയിൽ ചെയ്താൽ റിപ്ലൈ ഇല്ല, ചില യാസര്‍മാഷുമാരൊക്കെ റെക്കമെണ്ടേഷനുമായി വിളിക്കുന്നു, ഉളുപ്പില്ലാതെ വീണ്ടും ഇരക്കുന്നു. കേസു കൊടുക്കാൻ തുനിഞ്ഞപ്പോൽ ഉപ്പയാണു വിലക്കിയത്, പാവങ്ങളല്ലെ ജീവിക്കട്ടേ എന്ന്. പാവങ്ങളെ കുറിച്ച് പീന്നീട് കൂറെ കേട്ടു, കാശ് മുക്കി കടന്നു കളയുന്ന പാവങ്ങള്‍!!

അതിലൊരുത്തൻ പറ്റിച്ച പണവുമായി ദുബായിക്ക് വിട്ടു എന്നും കേട്ടു. അവരുടെ കൂടെ ജോലി ചെയ്ത പകുതി പേർക്കും ശമ്പളം കൊടുക്കാത്ത കാരണം എല്ലാവരും പിരിഞ്ഞു പോയി... ഗ്രൂപ്പിനെ പറ്റി യാതൊരു വിവരവുമില്ല. കള്ളന്മാരും കള്ളസ്വാമികളും അങ്ങനെയാണല്ലോ? പണം മുക്കിയാൽ പിന്നെ അവിടെ നിക്കാറില്ലാലോ? ഞാൻ എന്റെ കേസ് ഏതായാലും ഫയൽ ചെയ്തിട്ടു. നോട്ടീസു കൈപ്പറ്റിയില്ല, പഠിച്ച കള്ളന്മാരല്ലെ? അവരുടെ കാശ് കിട്ടീട്ട് അരിയൊന്നും വാങ്ങാൻ ഇല്ലാത്തതു കാരണം, വക്കീലിനോട് സമയമെടുത്ത് ചെയ്യാൻ പറഞ്ഞു ഞാനിങ്ങ് ബാംഗ്ലൂരിനു കയറി. എപ്പോഴെങ്ങീലും പിടിക്കപ്പെടാനും അനുഭവിക്കാനുമല്ലെ കള്ളന്മാർ ഇപ്പോൽ വിലസുന്നത്...
ഇതിനിടക്ക് ഒരിക്കല്‍  നെറ്റ് ബ്രൌസ് ചെയ്യുംബോഴാണ് ഗ്രൂപ്പിന്റെ പുതിയ അവതാരം കാണുന്നത്! Insight Foundation for Human Excellence!! മന്ദബുദ്ധി ആയതു കൊണ്ടോ അതോ കാക്കാശിനുള്ള മാനവും ഉളുപ്പുമില്ലാത്തത് കൊണ്ടോ , എനിക്കും ലിങ്ക്ഡ് ഇന്നില്‍ നിന്നും ഒരു അപേക്ഷ! ഉളുപ്പില്ലേ പന്നീ എന്ന് മാന്യഭാഷയില്‍ ഒരു മെയില്‍ അയച്ചപ്പോള്‍ മെയില്‍ boxbe വെച്ച് ബ്ലോക്ക് ചെയ്തിരിക്കുന്നു!

നാട്ടുകാരേ സൂക്ഷിക്കുക, ഷെയറും ജോലിയും അങ്ങനെ പലതും ഇവന്മാർ വാഗ്ദാനം ചെയ്യും, വിശ്വസിക്കരുത്. ആരുടെ ഇന്‍സൈറ്റ്, ആരുടെ എക്സലെന്‍സ് എന്നു നന്നായി അറിയാം... ഇനി ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാനും പുതിയ കാറ് വാങ്ങിക്കാനും പെങ്ങളെയോ മോളെയോ കെട്ടിക്കാനും വീട് വെക്കാനും ഒക്കെ നാട്ടുകാരുടെ പണം തന്നെ വേണ്ടി വരും ഇവന്മാര്‍ക്ക്...